തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിൽ ഒൻപതിന് തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ ഊബർ ഓട്ടോയിലും ടാക്സിയിലും സൗജന്യ യാത്ര ഒരുക്കി തെരഞ്ഞെടുപ്പു കമ്മീഷൻ.
സമ്മതിദായകർക്ക് അവരുടെ പോളിംഗ് ബൂത്തുകളിലേക്ക് യാത്ര ചെയ്യാനായി ഊബർ ആപ്പിലൂടെ കാർ, ഓട്ടോ, ബൈക്ക് വിഭാഗത്തിൽ സൗജന്യ യാത്രാസേവനം നൽകുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ അറിയിച്ചു.
വോട്ടർമാരെ കയറ്റുന്ന സ്ഥലത്തു നിന്നു രണ്ടു കിലോമീറ്റർ വരെയുള്ള യാത്രകളാണ് സൗജന്യം. രണ്ടു കിലോമീറ്ററിനു ശേഷമുള്ള നിരക്ക് വോട്ടർ അടയ്ക്കണം. എല്ലാ പോളിംഗ് ബൂത്തുകളുടെയും ലൊക്കേഷൻ ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.